പുഷ്പ 2; മരിച്ച സ്ത്രീയുടെ കുടുംബത്തിന് നിർമാതാക്കളും അല്ലുഅർജുനും ചേർന്ന് രണ്ട് കോടി നൽകും

പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തിൽ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് നടൻ അല്ലു അർജുനും നിർമ്മാതാക്കളും ചേർന്ന് രണ്ട് കോടി രൂപ നൽകും. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ വന്നതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 36-കാരിയായ രേവതിയുടെ കുടുംബത്തിനാണ് തുക നൽകുക. ഗുരുതരമായി പരിക്കേറ്റ രേവതിയുടെ ഒമ്പതുകാരനായ മകൻ ചികിത്സയിൽ തുടരുകയാണ്.

രേവതിയുടെ കുടുംബത്തിന് അല്ലു അർജുൻ ഒരു കോടി രൂപയാണ് നൽകുക. പുഷ്പ 2-ന്റെ നിർമ്മാതാക്കളായ മൈത്രി മൂവീസും സംവിധായകൻ സുകുമാറും 50 ലക്ഷം രൂപ വീതം കുടുംബത്തിന് നൽകും. ചലച്ചിത്ര നിർമ്മാതാവും തെലങ്കാന ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണുമായ ദിൽ രാജുവാണ് തുക രേവതിയുടെ കുടുംബത്തിന് കൈമാറുക.

അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദാണ് രേവതിയുടെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്. രേവതിയുടെ മകനെ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. രേവതിയുടെ കുടുംബവുമായി ഇടപഴകാൻ പാടില്ലെന്ന നിയമോപദേശം ലഭിച്ചതിനാലാണ് ദിൽ രാജുവിനോട് തുക കൈമാറാൻ ആവശ്യപ്പെട്ടതെന്ന് അല്ലു അരവിന്ദ് പറഞ്ഞു.

രേവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്ന് മണിക്കൂറിലേറെയാണ് താരത്തെ ചോദ്യം ചെയ്തത്. പ്രധാനചോദ്യങ്ങളോടൊന്നും അല്ലു പ്രതികരിച്ചില്ല എന്നാണ് പോലീസ് പറഞ്ഞത്.

ഇതിനിടെ സംഭവദിവസം നടന്റെ സുരക്ഷാജോലിക്കാർ ആളുകളെ മർദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. രേവതിയെ സുരക്ഷാജോലിക്കാർ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളുമുണ്ട്. മർദനക്കേസിൽ അല്ലുവിന്റെ സുരക്ഷാജോലിക്കാരനായ ആന്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.