കോട്ടയം: ഭർത്തൃപീഡനം നേരിടുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ ഇരട്ടിയായി വർധിച്ചെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സർവേ. കഴിഞ്ഞദിവസം പുറത്തുവന്ന ആറാം കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലാണ് കണ്ടെത്തൽ. തൊട്ടുമുൻപത്തെ സർവേയിൽ പീഡനത്തിന്റെ ദേശീയ നിരക്ക് 29.2 ശതമാനമായിരുന്നത് പുതിയ സർവേയിൽ 22.3 ശതമാനമായി കുറഞ്ഞു.

എന്നാൽ, കേരളത്തിലെ നിരക്ക് 9.8 ശതമാനം എന്നതിൽനിന്ന് 17.7 ശതമാനത്തിലേക്ക് ഉയർന്നു. ഗർഭകാലത്ത് ഭർത്താക്കന്മാരിൽനിന്ന് മർദനം നേരിടുന്നവരുടെ നിരക്ക് 0.5% ആയിരുന്നത് 1.7 ശതമാനമായി. ഏറ്റവുമധികം ഭർത്തൃപീഡനം നടക്കുന്നത് തെലങ്കാനയിലാണ്, 30.8 ശതമാനം. മുൻപ് ഇത് 37.2 ശതമാനമായിരുന്നു. രാജ്യത്തെല്ലായിടത്തും ഗ്രാമപ്രദേശങ്ങളിലാണ് മർദനനിരക്ക് ഉയർന്നുനിൽക്കുന്നത്. കേരളത്തിലെ നഗരങ്ങളിൽ 15.6 ശതമാനവും ഗ്രാമങ്ങളിൽ 19.7 ശതമാനവുമാണ്.

























