കൂമ്പൻപാറയിൽ 22 കുടുംബങ്ങളെ ഒഴിപ്പിച്ചത് ഇന്നലെ, അപകടം ബിജുവും സന്ധ്യയും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

തൊടുപുഴ: അടിമാലി കൂമ്പൻപാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിൽ വൻ ദുരന്തത്തിൽ കലാശിക്കാതിരുന്നത് അപകടം മുന്നിൽക്കണ്ടുള്ള മുൻകരുതൽ. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയ്ക്ക് സമീപമാണ് ദുരന്തമുണ്ടായ സ്ഥലം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ പ്രദേശത്ത് ചരിവ് രൂപപ്പെട്ടിരുന്നു. ഇതിന്റെ മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞാണ് അപകടം. പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും വൻതോത്തിൽ മണ്ണ് പതിച്ചാണ് അപകടം.

മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ പൂർണമായും തകർന്ന നിലയിലാണ്. മണ്ണിടിച്ചിൽ ഭീഷണി തുടർന്ന് മാറിത്താമസിച്ച പ്രദേശത്തെ കുടുംബങ്ങൾക്ക് ഒപ്പം അപകടത്തിൽപ്പെട്ട ബിജു സന്ധ്യ ദമ്പതികളും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. രാത്രി രേഖകൾ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായാണ് ഇവർ തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്ത് ഇരുപത് മിനിറ്റിനകം അപകടം ഉണ്ടായെന്നും ബന്ധുക്കൾ പറയുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. ദുഷ്‌കരമായ രക്ഷാദൗത്യത്തിനൊടുവിൽ അഞ്ചുമണിക്കൂറോളം കഴിഞ്ഞ് പുലർച്ചെ നാലരയോടെയാണ് ബിജുവിനെ പുറത്തെടുക്കാനായത്. അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലാണ് ബിജുവിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

സാരമായ പരുക്കുകളോടെയാണ് സന്ധ്യയെ പുറത്തെടുത്തത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങി സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം.സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്. ദമ്പതികളുടെ മകൻ ഒരു വർഷം മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. മകൾ കോട്ടയത്ത് നഴ്‌സിങ് വിദ്യാർഥിനിയാണ്. അപകടസമയത്ത് മകൾ കോട്ടയത്തായിരുന്നു.

മണ്ണുമാന്തിയന്ത്രവുമായി അഗ്‌നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ, എ രാജ എംഎൽഎ, ജില്ലാകലക്ടർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ഏകോപിപ്പിച്ചു.