മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടി വൈറലാകുന്നു. അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ചർച്ചയായത്. “നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”, എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം. ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ ‘തന്ത്രം’ എന്ന നിലയിലാണ് ധ്യാൻ ഇത് പറഞ്ഞതെങ്കിലും അടുത്തിടെ സമാനമായ ഒരു വിവാദത്തിൽ നടൻ അജ്മൽ അമീർ നൽകിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അടുത്തിടെ അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വാട്ട്സാപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഭാഗങ്ങളാണ് പ്രചരിച്ചത്. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്മലിന്റെ മുഖം കാണിക്കുന്നുമുണ്ട്.


‘തന്റെ കല്യാണം കഴിഞ്ഞതല്ലേ’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ, ‘അതൊന്നും താൻ അറിയേണ്ടെന്നും താമസ സൗകര്യം ഒരുക്കി തരാമെന്നും’ അജ്മൽ പറയുന്നതായും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ, തന്റെ പേരിൽ വന്ന വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ രംഗത്തെത്തി. താനല്ല സന്ദേശങ്ങൾ അയച്ചതെന്നും, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നുമാണ് അജ്മലിന്റെ വാദം. ഇതിന് പിന്നാലെ അക്കൗണ്ട് താൻ മാത്രം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.























