കാന്താര 2 ; അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ട് വീണ്ടും മരണം, ഇത്തവണ പ്രധാന നടൻ

കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരിച്ചു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33–കാരനായ രാകേഷിനു ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളായ രാകേഷ് ജൂപാരി, കോമഡി റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ–സിനിമാ താരങ്ങൾ. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്.

രണ്ടാഴ്ച മുമ്പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6–ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു.

കാന്താര ചാപ്റ്റർ 2 ന്റെ ചിത്രീകരണത്തിന് ഇതിനു മുമ്പും നിരവധി തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. നവംബറിൽ, മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. ബസ് മറിഞ്ഞ്, ചിലർക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. സംഭവത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് ചിത്രീകരണം നിർത്തിവച്ചു.
അതേസമയം, ഈ വര്‍ഷം ഒക്ടോബര്‍ 2ന് ആണ് കാന്താര 2 റിലീസിന് ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രീക്വല്‍ ആയാണ് എത്തുന്നത്.