ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ തുറന്നത്. 32 വിമാനത്താവളങ്ങളായിരുന്നു അടച്ചിട്ടത്. വിമാനത്താവളങ്ങൾ അടക്കാൻ നൽകിയ നോട്ടീസ് പിൻവലിച്ചു. തുറക്കാനായി പുതിയ നോട്ടീസ് നൽകി. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്.

അധംപുർ, അംബാല, അമൃത്സർ, അവന്തിപുർ, ഭട്ടിൻഡ, ഭുജ്, ബികാനിർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജമ്മു, ജയ്‌സാൽമിർ, ജോധ്പുർ, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷൻഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്ട്യാല, പോർബന്തർ, രാജ്‌കോട്ട്, സർസാവ, ഷിംല, ശ്രീനഗർ, ഥോയിസ്, ഉത്തർലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. അതേസമയം,യാത്രക്കാർ നേരത്തേ എത്തണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. ചെക്കിൻ ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ എത്തണം. ചെക്കിൻ ഗേറ്റുകൾ 75 മിനിറ്റ് മുന്നേ അടയ്ക്കും.

























