ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തിൽ ഉൾപ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തിൽ മാത്രം 150ഓളം ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടു.

80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിർദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ പിന്നെ എസ് പി വെങ്കിടേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കിലുക്കം, സ്ഫടികം, ധ്രുവം, കൗരവർ, ജോണി വാക്കർ, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ തുടങ്ങി നിരവധി ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം സംഗീതമൊരുക്കി. ദേവാസുരം ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവുമൊരുക്കി. 1993ൽ പൈതൃകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി, ഭാഷകളിലും അദ്ദേഹം ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്

























