യുക്രൈയ്ൻ സംഘർഷത്തിൽ റഷ്യയെ സഹായിക്കാനെത്തിയ ഉത്തര കൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായതായി റിപ്പോർട്ട്. സ്വന്തം രാജ്യത്ത് ഉള്ളതിൽ നിന്നും വ്യത്യസ്തമായി അനിയന്ത്രിതമായ ഇൻറർനെറ്റ് സൌകര്യം ലഭ്യമായതോടെയാണ് ഉത്തര കൊറിയൻ സൈനികർ പോൺ സൈറ്റുകളും പോൺ വീഡിയോകളും തെരയുന്നതിൽ കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫിനാൻഷ്യൽ ടൈംസിലെ ഫോറിൻ അഫയേഴ്സ് കമൻറേറ്റേറ്ററായ ഗിഡിയൻ റാച്ച്മാനാണ് ഈ ഈ വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

അദ്ദേഹത്തിൻറെ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയൻ സൈനിക സംഘത്തിലെ ഏകദേശം 10,000 സൈനികർ അഡൾട്ട് ഒൺലി കണ്ടൻറുകൾ ആഗ്രഹിക്കുന്നവരാണ്. X-ലെ ഒരു പോസ്റ്റിൽ ഗിഡിയൻ റാച്ച്മാൻ ഇങ്ങനെ കുറിച്ചു, ‘റഷ്യയിലേക്ക് വിന്യസിച്ചിരിക്കുന്ന ഉത്തര കൊറിയൻ സൈനികർക്ക് മുമ്പ് തടസ്സമില്ലാതെ ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമായിരുന്നില്ല. എന്നാൽ, അവർ റഷ്യയിൽ എത്തിയതോടെ നിയന്ത്രണങ്ങൾ ഇല്ലാതെ ഇൻറർനെറ്റ് ലഭ്യമായി തുടങ്ങി.


ഇതോടെ സൈനികർ കൂടുതൽ സമയവും പോൺ വീഡിയോകൾ കാണുന്നതിൽ താൽപര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു’ എന്നാണ്.ഉത്തര കൊറിയയിൽ പൗരന്മാർക്ക് വളരെ പരിമിതമായ ഇൻറർനെറ്റ് ലഭ്യത മാത്രമേയുള്ളൂ. കൂടാതെ പോൺസൈറ്റുകളും മറ്റും സർക്കാർ കർശന നിയന്ത്രണമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സെക്യൂരിറ്റി എഞ്ചിനീയർ മാറ്റ് ബ്രയാൻറിൻറെ നേതൃത്വത്തിലുള്ള 2016 -ലെ അന്വേഷണത്തിൽ, ഉത്തര കൊറിയക്കാർക്ക് 28 വെബ്സൈറ്റുകൾ മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂവെന്ന് കണ്ടെത്തിയിരുന്നു. അവയിൽ കൂടുതലും സർക്കാർ നടത്തുന്ന മാധ്യമങ്ങളും സുപ്രീം നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങളുമാണ്. റഷ്യയിലെത്തിയ സൈനികർക്ക് ആദ്യമായി അനിയന്ത്രിതമായ ഇൻറർനെറ്റ് ആക്സസ് ലഭിച്ചതോടെയാണ് ഇത്തരത്തിൽ ഒരു പ്രവണത വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയത്. യുക്രൈയ്നുമായുള്ള റഷ്യയുടെ അതിർത്തിക്ക് സമീപം 10,000 കണക്കിന് ഉത്തര കൊറിയൻ സൈനികരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.























