ഗർഭിണിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഉദരത്തിലെ ഇരട്ടക്കുട്ടികൾക്കും ദാരുണാന്ത്യം

അമൃത്‌സർ: കുടുംബവഴക്കിനെ തുടർന്ന് ഗർഭിണിയായ ഭരിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ അമൃത്‌സറിലാണ് ഞെട്ടിക്കുന്ന സംഭവം. അമൃത്‌സർ സ്വദേശിയായ സുഖ്ദേവ് എന്നയാളാണ് ഇരുപത്തിമൂന്നുകാരിയായ ഭാര്യ പിങ്കിയെ തീകൊളുത്തിയത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇരുവരും വഴക്കുകൂടുന്നതും പതിവായിരുന്നു. എന്നാൽ വെള്ളിയാഴ്ച വൈകിട്ട് വഴക്ക് രൂക്ഷമായതോടെ സുഖ്ദേവ് പിങ്കിയെ കിടക്കയിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. പിങ്കി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

ഇരട്ടക്കുഞ്ഞുങ്ങളെ ആറു മാസം ഗർഭം ധരിച്ചിരിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ സുഖ്ദേവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ മൂന്നു ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു.