വേണുവിന്റെ കുടുംബത്തിന് സഹായവുമായി രമേശ് ചെന്നിത്തല; 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിക്ഷ നൽകും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് സഹായവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വേണുവിന്റെ ഭാര്യയ്ക്കും, മക്കൾക്കും 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിക്ഷ നൽകും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. സർക്കാരിനും ആരോഗ്യ മന്ത്രിക്കുമെതികരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സർക്കാർ മെഡിക്കൽ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ല. ഇത്ര ഗതികെട്ട ആരോഗ്യ വകുപ്പിനെ വേറെ കണ്ടിട്ടില്ല. സർക്കാർ അന്വേഷണം നടത്തണം. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. കൊലക്കുറ്റത്തിന് കേസ് എടുക്കണം ഒരു നല്ല ഡോക്ടറും വേണുവിനെ കണ്ടിട്ടില്ല. പാവങ്ങൾക്ക് നീതിയില്ല – രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, വേണു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. അന്വേഷണ സംഘം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.