വിവാഹബന്ധത്തിനിടെ നേരിട്ട മാനസികവും സാമ്പത്തികവുമായ പീഡനങ്ങളെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞ രവി മോഹൻ, ഇപ്പോൾ മറ്റൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഹൃദയശുദ്ധിയെക്കുറിച്ച് ഒരുനാൾ എല്ലാവർക്കും മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പുരുഷന്മാരാണ് ലോകത്തെ ഏറ്റവും വലിയ അതിജീവിതർ എന്നും രവി മോഹൻ കുറിച്ചു. ഒരു റിസോർട്ടിൽ ചെലവഴിക്കുന്ന വീഡിയോക്കൊപ്പമാണ് രവി മോഹൻ കുറിപ്പ് പങ്കുവെച്ചത്.

“ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.” രവി മോഹന്റെ വാക്കുകൾ.സ്നേഹിക്കുന്നവർക്കായി താൻ എന്താണ് ചെയ്തതെന്നും തന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കണം. നിങ്ങളുടെ മോശം ചിന്തകൾ നിങ്ങൾക്കുള്ളിൽതന്നെ വയ്ക്കുക. താൻ തന്റെ വഴിക്ക് പോവുകയാണെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.


ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും വലിയ ചർച്ചയായിരുന്നു. രവി മോഹന്റെ പുതിയ നിർമാണക്കമ്പനിയുടെ പാർട്ണർകൂടിയാണ് കെനിഷ ഇപ്പോൾ.സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തിയാണ് രവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.























