തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടേയും കോഴിയുടെയും ചിത്രം പതിച്ച പോസ്റ്ററാണ് ബസുകളിൽ ഒട്ടിച്ചത്. തുടരണോ ഈ കോഴിമന്ത്രി എന്നാണ് പോസ്റ്ററിലുള്ള വാചകം.

തമ്പാനൂർ പൊലീസ് പോസ്റ്റർ ഇളക്കി മാറ്റാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. പൊലീസുകാരെ മർദിച്ച പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ മറ്റു പ്രവർത്തകർ ഇത് തടഞ്ഞു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ വീണ്ടും സംഘർഷമുണ്ടായി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കെഎസ്ആർടിസി ബസുകളിലെ പിആർഡി പരസ്യങ്ങൾ നശിപ്പിക്കാനും ശ്രമം നടന്നു. പൊലീസ് പ്രവർത്തകനെ ക്രൂരമായി മർദിച്ചെന്നും ഇത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് മർദിച്ചെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


ഗണേഷിനെ കിടപ്പുമുറിയിൽ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ചിത്രമെടുക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സഹായികൾ തടഞ്ഞുവച്ചെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ. ഇതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. രാജിവയ്ക്കില്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. മന്ത്രി മാപ്പപേക്ഷിച്ചെന്നും പരാതിയുമായി മുന്നോട്ടില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളെ പിന്നീട് അറിയിച്ചിരുന്നു.























