കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ

കാസർഗോഡ്: സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ. ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്‌സോ കേസിൽ ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ഇയാൾ മരിച്ചത്. 2016ലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട പ്രതിയായിരുന്നു. പിന്നീട് ഇയാൾ വിദേശത്തേക്ക് പോയി. രണ്ട് മാസം മുൻപാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. മൂന്നാഴ്ച മുൻപ് പൊലീസ് വീട്ടിലെത്തി പോക്‌സോ കേസിൽ വാറണ്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കാസർഗോഡ് സബ് ജയിലിലേക്ക് മാറ്റി. ഇവിടെ വച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് ജയിൽ അധികൃതർ പറയുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചതെന്നും പറയുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കാസർഗോഡ് ടൗൺ പൊലീസ് വിഷയത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.