കാസർകോട് എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുവന്ന 50 ലക്ഷം മോഷ്ടിച്ചു

ഉപ്പള : കാസർകോട് ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ പണവുമായി വന്ന വാനിന്റെ ഗ്ലാസ് പൊട്ടിച്ച് 50 ലക്ഷം രൂപയുടെ ബോക്‌സ് മോഷ്ടിച്ചു. ബുധനാഴ്ച പകൽ രണ്ടോടെ ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനിൽ നോട്ടുനിറയ്ക്കുന്നതിനിടെയാണ് സംഭവം.

ബാങ്ക് ജീവനക്കാർ നോട്ടു ബോക്‌സുകളുമായി എത്തിയ വാൻ എടിഎമ്മിന്റെ മുന്നിൽ നിർത്തിയിട്ട ശേഷം എടിഎം കൗണ്ടറിൽ കയറി എടിഎം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടെയാണ് സംഭവമെന്ന് പറയുന്നു. കൗണ്ടർ നിറയ്ക്കാൻ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിന്റെ ചില്ല് തകർത്ത് നോട്ടുകളടങ്ങിയ ഒരു ബോക്‌സ് മോഷ്ടിച്ച വിവരം ശ്രദ്ധയിൽപെട്ടത്.

സെക്യൂവർ വാലി എന്ന കമ്പനിയുടെതാണ് വാൻ. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ സുരക്ഷയില്ലാതെയാണ് പണവുമായി വാൻ എത്തിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.