സിനിമാ ചിത്രീകരണത്തിനിടെ അപകടം; സ്റ്റണ്ട്മാന് ദാരുണാന്ത്യം

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്. സാഹസികമായ കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാനായ എസ്.എം. രാജുവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടിനത്തുവെച്ചായിരുന്നു ചിത്രീകരണം.

അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിവേഗത്തിൽ വന്ന എസ്‌യുവി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവിൽ ഒരുതവണ മലക്കംമറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങൾ വാഹനത്തിനടുത്തേക്ക് ഓടുന്നതും വീഡിയോയിൽ കാണാം.

അപകടത്തിൽ തകർന്ന കാറിൽ നിന്ന് രാജുവിനെ ഉടൻ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളിവുഡിലെ അറിയപ്പെടുന്ന സ്റ്റണ്ട്മാനായിരുന്ന രാജു ഒട്ടേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.