തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വർധനവ്. ഒരു ലിറ്റർ വെളിച്ചെണ്ണക്ക് ഹോൾസെയിൽ മാർക്കറ്റുകളിൽ 420ഉം റീട്ടെയിൽ കടകളിൽ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുൻപ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. തേങ്ങയുടെ ക്ഷാമവും വില വർധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയിൽനിന്നാണ് ഒരു വർഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി വീട്ടമ്മമാർ ആശങ്ക പ്രകടിപ്പിക്കുന്നു.

വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട്, പാമോയിലിനും സൺഫ്‌ലവർ ഓയിലിനും ആവശ്യകത വർധിച്ചിരിക്കുകയാണ്. വിപണിയിൽ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. വിലക്കയറ്റം ഈ നിലയിൽ തുടരുകയാണെങ്കിൽ ഇത്തവണത്തെ ഓണസദ്യയിൽ വെളിച്ചെണ്ണയിൽ പാകം ചെയ്ത ഇനങ്ങളുടെ അളവും കുറയാനാണ് സാധ്യത.

























