കാസര്‍കോട്: ബദിയടുക്കയില്‍ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെല്‍ഡിങ് തൊഴിലാളി മരിച്ച നിലയില്‍. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കാസര്‍കോട് ബാറടുക്കയിലെ തട്ടുകടയില്‍ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കട്ടത്തടുക്കയിലെ വെല്‍ഡിങ് കടയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.

























