ലാവ്‌ലിനിൽ ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ: ആരോപണവുമായി ഷോൺ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. 2008ൽ ലാവ‌്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി.

ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്കാണെന്ന് ഷോൺ പറഞ്ഞു. സംഭവത്തിൽ കേന്ദ്രസർക്കാരിനു പരാതി നൽകുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി.