
പത്തനംതിട്ട വടശ്ശേരിക്കരയിലെ സംഗീത് സജിയെന്ന ചെറുപ്പക്കാരന്റെ മരണത്തില്‍ ദുരൂഹത ഇനിയും ബാക്കി. സംഗീതിനെ കാണാതാകുന്നത് മുതല്‍ മൃതദേഹം കണ്ടുകിട്ടുന്നത് വരെയുള്ള സംഭവങ്ങളില്‍ ദുരൂഹത മറഞ്ഞിരിക്കുന്നു. ബന്ധുക്കള്‍ നിരന്തരമായി ആരോപിക്കുന്നതും ഇതു തന്നെയാണ്. തങ്ങളുടെ മകന് എന്തു സംഭവിച്ചുവെന്ന് തെളിയിക്കണം. റാന്നി- ശബരിമല പാതയില്‍ വടശ്ശേരിക്കരയിലെ ഒരു കൊച്ചുഗ്രാമം. കുമ്പളാത്തമണ്‍. അവിടെ തലച്ചിറ എന്ന സ്ഥലത്ത് പിച്ച വച്ച് കളിച്ചു വളര്‍ന്ന് വന്ന ചെറുപ്പക്കാരന്‍ സംഗീത്. നാട്ടിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവം. അച്ഛന്റെ ആക്‌സികമായ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ചെറുപ്പക്കാരന്‍. ആ വീട്ടിലെ തന്റെ പ്രിയപ്പെട്ട നാല് അമ്മമാര്‍ക്കും ഒരു കുഞ്ഞു പെങ്ങള്‍ക്കും താങ്ങും തണലുമായി നിന്നവന്‍. ചെുറുപ്പത്തിലെ കുടുംബ പ്രാരാബ്ധം തലയിലേല്‍ക്കേണ്ടി വന്നതോടെ നാട്ടില്‍ കുട്ടുകാര്‍ക്കൊപ്പം കൂട്ട്കൂടി നടക്കുന്ന പ്രകൃതക്കാരനായിരുന്നില്ല സംഗീത്.


പഠനശേഷം ഒരു ജോലി സമ്പാദിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. ഒരു പട്ടാളക്കാരന്‍ ആകാനാണ് അവന്‍ മോഹിച്ചത്. അവന്റെ മുറിയില്‍ പട്ടാളക്കാരുടെ ചിത്രങ്ങളും മറ്റും ഇപ്പോഴുമുണ്ട്. ”Dont stop Chasing Your Dreams. bcos Deams Do Come True ” സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഈ വാക്കായിരുന്നു അവന്റെ മുറിയിലെ ചുമരിൽ പതിച്ചിരുന്നത്. സ്വപ്നങ്ങള്‍ സത്യമായി എന്നെങ്കിലും അവനെ തേടിയെത്തുമെന്ന് അവന് ഉറപ്പായിരുന്നു. അതിനായി അവന്‍ സഞ്ചരിക്കാവുന്ന വഴികളിലെല്ലാം സഞ്ചരിച്ചു. തനിക്കൊപ്പം നിന്നവരുടെ വേദനകള്‍ മനസ്സിലാക്കി അവരെ സഹായിച്ചു.
വിദേശപഠനത്തിനായി എല്ലാം പരിശീലനവും പരിശോധനകളും കഴിഞ്ഞ് ഫ്ലൈറ്റ് ടിക്കറ്റ് കാത്തു നില്‍ക്കുമ്പോഴാണ് സംഗീതിന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകുന്നത്. യൂറോപ്പില്‍ പോയി പഠിച്ച് ജോലി സമ്പാദിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അമ്മയെ നാട്ടില്‍ തന്നെ നിര്‍ത്താനായിരുന്നു സംഗീത് ആഗ്രഹിച്ചത്. എന്നാല്‍ അമ്മ ജെസി നാട്ടില്‍ വന്ന് ഗള്‍ഫിലേയ്ക്ക് മടങ്ങി രണ്ടാം ദിവസം മകനെ കാണാനില്ലെന്ന വാര്‍ത്തയാണെത്തുന്നത്. ആ മകന്റെ വിയോഗം ആ അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഇവരെ ആശ്രയിച്ചു കഴിയുന്ന മൂന്ന് പ്രായമായ അമ്മമാര്‍കൂടി ആ വീട്ടിലുണ്ട്. സംഗീത് പതിവ് പോലെ വീട്ടിലേയ്ക്ക് വരുന്നതും കാത്തിരിക്കുകയാണ് ഇപ്പോഴും ആ അമ്മമാര്‍. നെഞ്ചു പിടയുമ്പോഴും ആ അമ്മമാരെയും മകളെയും ആശ്വസിപ്പിക്കുകയാണ് സംഗീതിന്റെ മാതാവ് ജെസി. ഇവരെ ആശ്വസിപ്പിക്കാനെത്തുന്നവരുടെ പോലും കണ്ണ് നനയിക്കുന്ന നൊമ്പരകാഴ്ച്ച.
ഇപ്പോഴും മകള്‍ സംഗീതിന്റെ ഫോട്ടോ കൈയിലെടുത്ത് അമ്മയോട് ചോദിക്കും … ‘അമ്മെ ചേട്ടന് എന്ത് സംഭവിച്ചുവെന്ന്.’…. അവളോട് ഉത്തരം നല്‍കാന്‍ ആ അമ്മയ്ക്ക് കഴിയുന്നില്ല. അമ്മയ്ക്ക് മാത്രമല്ല സംഗീതിന് എന്ത് സംഭവിച്ചുവെന്ന് ഉത്തരം നല്‍കാന്‍ ആര്‍ക്കുമാകുന്നില്ല. സംഗീതിനെ കാണാതായ ദിവസം മുതല്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ കണ്ടെത്താമായിരുന്നു. സംഗീതിനെ കണ്ടെത്തിയെന്ന് അറിഞ്ഞ ദിവസം മലയാലപ്പുഴ പോലീസ് ബന്ധുക്കളോട് ചോദിച്ചുവത്രെ ‘മൃതദേഹം കിട്ടിയില്ലെ ഇനി സമാധാനം ആയില്ലെ.’. എന്ന്. സംഗീതിന്റെ തിരോധാനം അന്വേഷിക്കുന്ന ആദ്യഘട്ടം മുതല്‍ പോലീസ് ഉഴപ്പിയെന്നുള്ളതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്.
സംഗീത് രാത്രിയില്‍ സുഹൃത്തിനൊപ്പം പോയെന്ന് പറയുന്ന വഴിയില്‍ പോലീസ് കൃത്യമായ അന്വേഷണമോ പരിശോധനകളൊ നടത്തിയിട്ടില്ല. വിളിച്ചു കൊണ്ടു പോയ സുഹൃത്തിന്റെ വീട്ടിലായിരുന്നു അയാളുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ എന്ന പറഞ്ഞിട്ടും പോലീസ് ആ ഫോണ്‍ കസ്റ്റഡിയിലെടുത്തില്ല. ബന്ധു തന്നെയാണ് കാണാതായ രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി മൊബൈൽ ഫോൺ കണ്ടെത്തുന്നത്.
സംഗീത് ഇടത്തറയിലുള്ള തോട്ടില്‍ വീണ് എന്ന് സുഹൃത്തായ പ്രദീപ് പറയുന്നത് ഒരു സംശയം മാത്രമാണ്്. ഇവര്‍ സാധനം വാങ്ങാനെത്തിയ കടയിലെ ആളും ആവര്‍ത്തിച്ച് പറയുന്നതും ഇതു തന്നെയാണ്. ‘ എന്തോ ഒന്ന് വീണത് കേട്ടു’. എന്നാല്‍ വീണത് ആരെന്ന് കണ്ടില്ല. പോലീസ് ഇവരുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്തു. കഷ്ടിച്ച് അഞ്ചടി മാത്രം വീതിയുള്ള നിറയെ കല്ലും പൊന്തക്കാടുകളും നിറഞ്ഞ തോട്ടിലൂടെ സംഗീത് എങ്ങനെ ഒഴുകി പോയിരിക്കാം. ഈ കൊച്ചുതോട്ടില്‍ സംഗീത് വീണ സ്ഥലത്ത് നിന്നുും 150 മീറ്റര്‍ അപ്പുറം മറ്റൊരു പുഴയിലേയ്ക്കാണ് വന്ന് ചേരുന്നത്. അവിടെ നിന്നും ഏറെ ദൂരം വേണം പമ്പയാറ്റില്‍ എത്തിച്ചേരാന്‍. അവിടെ നിന്നും 25 കിലോമീറ്ററുകള്‍ അകലെ പമ്പയാറ്റില്‍ ആറന്മുള സത്രകടവില്‍ സംഗീത് കാണാതായി 17 ാം ദിവസം മൃതദേഹം ലഭിക്കുന്നു.
സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. കാണാതായ സമയം മുതല്‍ തോട്ടിലും പമ്പയാറ്റിലും അഗ്നിശമന സേന ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല. 17 ാം ദിവസം എങ്ങനെയാണ് മൃതദേഹം പൊന്തിവരുന്നത്്. സംഗീത ധരിച്ചിരുന്ന മാല ശരീരത്തില്‍ ഷര്‍ട്ട് ഉണ്ടായിട്ടും എങ്ങനെ നഷ്ടമായി. മൃതദേഹത്തിന് 17 ദിവസത്തെ പഴക്കമില്ലായെന്ന് ബന്ധുക്കളും നാട്ടുകാരും ചൂണ്ടികാട്ടുന്നു. കാണാതായ രാത്രി സംഗീത് ധരിച്ചത് കാവിനിറമുള്ള കൈയിലിയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുമ്പോഴും മൃതദേഹത്തിലുണ്ടായിരുന്നത് നീല നിറത്തിലുള്ള ഷോര്‍ട്‌സ്. ഒക്‌ടോബര്‍ 1 രാത്രി എട്ടു മണി മുതല്‍ സംഗീതിന് എന്ത് സംഭവിച്ചു. മരണത്തിന്റെ വ്യക്തമായ കാരണം അറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. സാധാരണ ഒരു മനുഷ്യൻ ഒഴുക്കിൽ പെട്ട് മരിച്ചാൽ കിട്ടുന്നത് പോലെയുള്ള മൃതദേഹം ആയിരുന്നില്ല സംഗീതിന്റെ മൃതദേഹം.
മകന്റെ തിരോധാനത്തിലെ സത്യം അറിയും വരെ നിയമപോരാട്ടം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.























