വസ്ത്രധാരണംഓരോ മനുഷ്യരുടേയും വ്യക്തി സ്വാതന്ത്ര്യം : തട്ടം പരാമർശത്തിൽ അനിൽകുമാറിനെ തള്ളി എം വി ഗോവിന്ദൻ

കണ്ണൂര്‍: തട്ടം പരാമർശത്തില്‍ അഡ്വ. കെ അനിൽകുമാറിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പരാമർശം പാർട്ടി നിലപാടല്ലെന്നും, വസ്ത്രധാരണം ജനാധിപത്യ അവകാശമാണെന്നും ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിജാബ് പ്രശ്‌നത്തിൽ പാർട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദേശം നൽകാനും വിമർശനങ്ങൾ ചൂണ്ടിക്കാട്ടാനും പാർട്ടി ആഗ്രഹിക്കുന്നില്ല. അതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണ്.

ഇത്തരത്തിലുള്ള ഒരു പരമാർശം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമർശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് കെ. അനില്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയ്. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത്, കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെയും വിദ്യാഭ്യാസത്തിന്‍റെയും ഭാഗമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,, എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.