പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ കള്ളവോട്ട് നടത്തിയെന്ന് പരാതി. മരിച്ചയാളുടെ പേരിൽ കള്ളവോട്ട് നടത്തിയെന്ന പരാതിയുമായി എൽഡിഎഫ് ആണ് രംഗത്തെത്തിയത്. വാർഡ് മെമ്പറും ബിഎൽഒയും ഒത്തു കളിച്ചുവെന്ന് എൽഡിഎഫ് ആരോപിച്ചു. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി. ആറുവർഷം മുൻപ് അന്നമ്മ മരിച്ചതാണെന്നും എൽഡിഎഫ് പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി.

അതേസമയം, ആരോപണത്തിൽ വിശദീകരണവുമായി ബിഎൽഒ രംഗത്തെത്തി. തെറ്റ് പറ്റിയെന്ന് ബിഎൽഒ പറഞ്ഞു. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയൽ നമ്പർ മാറി എഴുതിപോയെന്നും ബിഎൽഒ പറഞ്ഞു. സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റിയെന്നും ശ്രദ്ധിച്ചില്ലെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും ബിഎൽഒ പറഞ്ഞു.

























