നെയ്യാറ്റിന്‍കര: രോഗിയായ മകളെ കഴുത്തറുത്ത ശേഷം വയോധികയായ അമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. നെയ്യാറ്റിന്‍കര, റെയില്‍വേ പാലത്തിന് സമീപം വഴുതൂര്‍, ബി.എല്‍.ആര്‍.എ.-93, മുക്കംപാലവിളവീട്ടില്‍ ലീല(77) ആണ് ജീവനൊടുക്കിയത്. കഴുത്തിന് മുറിവേറ്റ മകള്‍ ചികിത്സയിലാണ്.

ഇവരുടെ രണ്ടാമത്തെ മകള്‍ ബിന്ദു(48)വിന്റെ കഴുത്ത് കത്തികൊണ്ട് അറത്തശേഷം മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കഴുത്തിന് മുറിവേറ്റ ബിന്ദു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ ഇവര്‍ക്ക് ഭക്ഷണവുമായി അയല്‍വാസിയായ ബന്ധു വീട്ടിലെത്തുമ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു.


നെയ്യാറ്റിന്‍കര ഗേള്‍സ് സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ലീല. ഇളയ മകള്‍ സിന്ധുവിന്റെ പേരിലുള്ള വീട്ടിലാണ് ലീലയും രോഗിയായ രണ്ടാമത്തെ മകള്‍ ബിന്ദുവും താമസിച്ചിരുന്നത്. ഈ വീടും സ്ഥലവും റെയില്‍പാത ഇരട്ടിപ്പിക്കലിനായി ഏറ്റെടുക്കാന്‍ നടപടിയായിയിരുന്നു. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്കയാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ച്ചെയായിരിക്കും സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു. അയല്‍വാസിയും ബന്ധുവുമായ വസന്തകുമാരി ഭക്ഷണവുമായി എത്തുമ്പോഴാണ് ലീലയുടെ മൃതദേഹം മുറിയ്ക്ക് പുറത്തായി കത്തിക്കരിഞ്ഞനിലയില്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിച്ച് ഇവര്‍ പരിശോധിക്കുമ്പോഴാണ് മുറിയില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ രണ്ടാമത്തെ മകള്‍ ബിന്ദുവിനെ കാണുന്നത്. അമ്മ കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇവരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലീലയുടെ ഭര്‍ത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായിരുന്ന രാജമണി പത്ത് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. അച്ഛന്റെ ജോലി മകനായ ചന്ദ്രനെന്ന അനില്‍കുമാറിന് ലഭിച്ചിരുന്നു. ആറ് മാസം മുന്‍പ് അനില്‍കുമാര്‍ മരിച്ചു.
ബിന്ദുവിനെ കരമനയില്‍ കല്യാണം കഴിച്ച് അയച്ചിരുന്നു. നാല് വര്‍ഷം മുന്‍പ് ഭര്‍ത്താവ് രാജന്‍ മരിച്ചു. സഹോദരനായ അനില്‍കുമാര്‍ മരിച്ചതിനുശേഷം ബിന്ദു അമ്മയ്ക്കൊപ്പം വഴുതൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ലീലയ്ക്ക് ഭര്‍ത്താവിന്‍റെ മരണശേഷം കുടുംബ പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതിനൊപ്പം ഗേള്‍സ് സ്‌കൂളില്‍നിന്ന് പാചക തൊഴിലാളിയ്ക്കുള്ള ശമ്പളവും ലഭിച്ചിരുന്നു. ഈ പണംകൊണ്ടാണ് അമ്മയും മകളും കഴിഞ്ഞിരുന്നത്.
റെയില്‍വേ സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഇളയമകള്‍ക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് വീട് വിട്ടിറങ്ങിയാല്‍ മകളുമൊത്ത് എവിടെ പോകുമെന്ന് ലീല അയല്‍വാസികളോട് പലപ്പോഴും പറഞ്ഞിരുന്നു. വീടുവിട്ടുപോകേണ്ടിവരുമെന്ന മനോവിഷമമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് നെയ്യാറ്റിന്‍കര പോലീസ് വ്യക്തമാക്കി.























