ഒരാഴ്ചയക്കിടെ ഗുരുവായൂരപ്പന് രണ്ടാമത്തെ സ്വര്‍ണക്കീരീടം

ഗുരുവായൂര്‍: 37 പവനോളം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് വ്യവസായി. തിരുപ്പൂരില്‍ വ്യവസായിയായ രാജന്‍ പി നായരാണ് സ്വര്‍ണ്ണക്കിരീടം വഴിപാടായി നല്‍കിയത്. ഇന്നു രാവിലെയായിരുന്നു സമര്‍പ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം.രാധ, അസി.മാനേജര്‍ എം. ഹരിദാസ്, വഴിപാടുകാരനായ രാജന്‍ പി നായരുടെ കുടുംബാംഗങ്ങള്‍, ഭക്തര്‍ എന്നിവര്‍ സന്നിഹിതരായി.

സോപാനപ്പടിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം ചാര്‍ത്തിയായിരുന്നു ഇന്ന് ഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂണ്‍ 18നും ശ്രീഗുരുവായൂരപ്പന് സ്വര്‍ണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു. ജൂണ്‍ പതിനെട്ടിന് വ്യവസായി നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു.