തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യും. വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയം കിഴക്കേൽ വിൻസെന്റിന്റെ മകൾ നവോമി (23) ക്കാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനായി ബന്ധുക്കൾ സമ്മതപത്രം കൈമാറി. കഴിഞ്ഞ മാസം 25ന് കൊട്ടാരക്കര വാളകത്ത് കാറും പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നവോമി. 24ന് രാത്രി അമ്മ ജിപ്സിയും സഹോദരൻ ജോയലും ചേർന്ന് തിരുവനന്തപുരത്തേക്ക് ജോലി ആവശ്യത്തിന് പോകുമ്പോഴാണ് പുലർച്ചെ നാലുമണിയോടെ അപകടം സംഭവിച്ചത്.

ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കര വിജയ ഹോസ്പ്പിറ്റലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകടത്തിൽ അമ്മയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു. ഖോ ഖോ താരമായിരുന്ന നവോമി രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ ‘ഖോ ഖോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തൃശൂർ സെന്റ് തോമസ് കോളജിലെ സൈക്കോളജിയിൽ പി.ജി. ബിരുദം നേടി ആദ്യമായി കിട്ടിയ ജോലിക്കായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ വിന്റ്സെന്റ് ഡ്രൈവറാണ്. അമ്മ ജീപ്സി ജിം ട്രെയിനറും, സഹോദരങ്ങൾ: എയ്ഞ്ചൽ (അധ്യാപിക, എറണാകുളം), ജോയൽ (തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥി).




















