തിരുവനന്തപുരം: ഈ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമലയിലെ തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനു കത്തു നൽകി. പകരം മകൻ ബ്രഹ്മദത്തനു തന്ത്രിസ്ഥാനം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്തുനിന്ന് ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണു കത്തിൽ പറയുന്നത്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം തീരുമാനമെടുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.

ഊഴമനുസരിച്ച് ഈ സീസണിൽ തന്ത്രിയായി എത്തേണ്ടത് കണ്ഠര് രാജീവര് ആയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനു പിന്നാലെയാണ് തന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബോർഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല, മാളികപ്പുറം മേൽശാന്തി അഭിമുഖത്തിലും തന്ത്രിയെന്ന നിലയിൽ കണ്ഠര് രാജീവരാണ് പങ്കെടുക്കുന്നത്. ഇക്കാര്യത്തിലും ബോർഡ് തീരുമാനമെടുത്തിട്ടില്ല. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിലെ കണ്ഠര് മോഹനരും രാജീവരും ആണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നു. പിന്നീട് കണ്ഠര് മോഹനർ മാറി പകരം മകൻ കണ്ഠര് മഹേഷ് മോഹനരർക്കു ചുമതല നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ഠര് രാജീവരും തന്ത്രിസ്ഥാനം മകന് നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

























