എന്തെങ്കിലും ഉണ്ടെങ്കിൽ പറയും, വടിയുംനീട്ടി നിൽക്കേണ്ടതില്ല: മാധ്യമങ്ങളോട് വീണ്ടും ക്ഷുഭിതനായി പിണറായി വിജയൻ

ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് വീണ്ടും ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ വടിയുംനീട്ടി നിൽക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ ഇടവേളയ്ക്കിടെ കേരള ഹൗസിൽ എത്തിയതായിരുന്നു പിണറായി വിജയൻ. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവർത്തകർ പിണറായി വിജയനോട് അഭിപ്രായം തേടാൻ ശ്രമിച്ചപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്.

‘നിങ്ങളുണ്ടല്ലോ.. ഞാൻ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും. വടിയും നീട്ടിപ്പിടിച്ച് നിൽക്കേണ്ട കാര്യമില്ല’, പിണറായി പറഞ്ഞു.

രാവിലെയും അദ്ദേഹം മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. കേരളാ ഹൗസിൽനിന്നിറങ്ങി വാഹനത്തിൽ കയറുന്നതിനിടെയായിരുന്നു ഇത്. മാധ്യമപ്രവർത്തകർ വാഹനത്തിന് അടുത്ത് തടിച്ചുകൂടിയപ്പോഴാണ് അദ്ദേഹം കയർത്തത്. ‘നിങ്ങൾക്ക് ന്യൂസ് വേണം എന്നുവെച്ച് വാതിലടയ്ക്കേണ്ടേ’ എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം.