പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ജില്ലാ നിയമസഹായവേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ട് പരിഗണിച്ച ശേഷമാകും കോടതി കേസിൽ വിധി പറയുക.

വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതി ചെന്താമരയെ ഹാജരാക്കുക. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.


2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമസഹായവേദി കേസിൽ ഇടപെടുകയും, ചെന്താമരയെ കഴിഞ്ഞ രണ്ടു ദിവസം കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. കൗൺസിലിങ്ങിനോട് എങ്ങനെ പെരുമാറി, ഇയാളുടെ ശരീര ഭാഷ, മാനസിക നില തുടങ്ങിയ കാര്യങ്ങൾ നിയമസഹായ വേദി സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ടാകും. അതേസമയം പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാനസിക പ്രശ്നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോർട്ട് ഉൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
ആറു വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.























