സീതത്തോട് (പത്തനംതിട്ട): കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുറഞ്ഞു. സംഭരണികളിലെല്ലാംകൂടി വെള്ളം 29 ശതമാനംമാത്രമാണുള്ളത്. ഈ നില തുടർന്നാൽ വൈദ്യുതിപ്രതിസന്ധി രൂക്ഷമാകും. നിലവിലെ ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് വൈദ്യുതിബോർഡിന് നീങ്ങേണ്ടിയുംവരും. സംഭരണികളിൽ വെള്ളമില്ലാതെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനുപുറമേ, പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിൽവന്ന പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മഴയില്ലാതായതോടെ സംഭരണികളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.

ഇനി ജലനിരപ്പിൽ പെട്ടെന്നൊന്നും വർധനയുണ്ടാകില്ല. മഴ മാറിയതോടെ വൈദ്യുതോപഭോഗം കൂടുകയും ചെയ്തു.വലിയ പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും ഇനി ശേഷിക്കുന്നത് 29 ശതമാനംമാത്രം വെള്ളം. 2025-ൽ ഇതിന്റെ ഇരട്ടിയിലധികം വെള്ളമുണ്ടായിരുന്നു. ഇതനുസരിച്ചുള്ള കുറവ് വൈദ്യുതോത്പാദനത്തിലും വന്നു.ബുധനാഴ്ച (ഉച്ചയ്ക്ക് 12 വരെ) സംസ്ഥാനത്തിന്റെ ആകെ വൈദ്യുതോത്പാദനം 16.608 ദശലക്ഷം യൂണിറ്റായിരുന്നു. 2025-ൽ ഇത് 44.221 ദശലക്ഷമായിരുന്നു. അതേസമയം ബുധനാഴ്ചത്തെ (ഉച്ചയ്ക്ക് 12 വരെ) വൈദ്യുതോപഭോഗം 88.6419 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇതിൽ 68.8148 ദശലക്ഷം യൂണിറ്റും പുറത്തുനിെന്നത്തിച്ചതാണ്.ഇടുക്കിയിൽ ബുധനാഴ്ച വെറും 5.941 ദശലക്ഷം യൂണിറ്റും ശബരിഗിരിയിൽ 2.3886 ദശലക്ഷം യൂണിറ്റും വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പട്ടി തുടങ്ങിയ എ ഗ്രേഡ് പദ്ധതികളിലെല്ലാം സമാനസ്ഥിതിയാണ്. മാട്ടുപ്പട്ടിയിലുള്ളത് 10 ശതമാനംമാത്രം വെള്ളം.പത്തനംതിട്ട ജില്ലയിൽ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് പദ്ധതികളിലും വൈദ്യുതോത്പാദനം നാമമാത്രമാണ്.























