പി എം ആർഷോയും കെ വിദ്യയും വിവാഹിതരായി

കാസർകോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോയും എസ്എഫ്‌ഐ മുൻ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിവാഹം. വളരെ ലളിതമായ വേഷത്തോടെയായിരുന്നു ഇരുവരുമെത്തിയത്. ആർഷോ വയലറ്റ് നിറത്തിലുള്ള ഷർട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോൾ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. വിദ്യ കാലടി സംസ്‌കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ്.