സീരിയലുകൾക്കു നിലവാരമില്ല, ഹാസ്യ പരിപാടിക്കും അവാര്‍ഡില്ല ; സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. അർഹതയുള്ള അപേക്ഷകൾ ഇല്ലാത്തതിനാൽ ടെലി സീരിയൽ വിഭാഗത്തിന്‌ ഇത്തവണയും പുരസ്കാരമില്ല. കഴിഞ്ഞ വർഷവും മികച്ച സീരിയലിന്‌ പുരസ്കാരം ഉണ്ടായിരുന്നില്ല.

ടെലിസീരിയൽ/ ടെലിഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന്‌ ടി എസ് മൃദുൽ അർഹനായി. ജനപ്രിയം ചാനലിലെ കനം, സമരം എന്നിവയാണ്‌ പുരസ്കാരത്തിന്‌ അർഹനാക്കിയത്‌. ശിവജി ഗുരുവായൂരാണ് മികച്ച നടൻ. മികച്ച നടിയായി പി വി ശിശിരയെ തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നടനായി അനു വർഗീസ്, മികച്ച രണ്ടാമത്തെ നടിയായി ആതിര ദിലീപ് എന്നിവരെയും തെരഞ്ഞെടുത്തു.
ഡാവിഞ്ചി സന്തോഷ് ആണ്‌ മികച്ച ബാലതാരം. മികച്ച ഛായാഗ്രാഹകൻ- സാലു കെ തോമസ്. ഡബിങ്ങ്‌ ആർട്ടിസ്റ്റ്‌ വിഭാഗത്തിലും അർഹതയുള്ള അപേക്ഷകളില്ലാത്തതിനാൽ പുരസ്കാരമില്ല.

ടി കെ സന്തോഷ് കുമാർ രചിച്ച “പോസ്റ്റ് ട്രൂത്ത് ടെലിവിഷൻ’ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരവും എം എസ്‌ സജിത്തിന്റെ മലയാളിയുടെ “ബിഗ്ബോസ്’ ജീവിതം മികച്ച ലേഖനമായും തെരഞ്ഞെടുക്കപ്പെട്ടു. മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത “ഭൂമി’യാണ്‌ മികച്ച ടെലി ഫിലിം (20 മിനിറ്റിൽ കുറഞ്ഞത്‌). 20 മിനിറ്റിൽ കൂടിയ വിഭാഗത്തിൽ ടി എസ്‌ മൃദുൽ സംവിധാനം ചെയ്ത കനം പുരസ്കാരം നേടി.