കുറുവയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു, വയനാട്ടിൽ നാളെ ഹര്‍ത്താൽ

കല്‍പ്പറ്റ: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെനാളെ യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍ഡിഎഫും ബിജെപിയും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കാട്ടാന ആക്രമണത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ ഹര്‍ത്താല്‍. പോളിന്‍റെ മരണത്തോടെയാണ് ഈ വര്‍ഷം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്. ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടത്. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്.കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്.